പത്തുവർഷത്തെ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എം കരുതേണ്ട; മന്ത്രി ഒ.ജെ. ജനീഷിന് നേരെയുള്ള ആക്രമണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 0 min read

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം സി.പി.ഐ.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനലുകളെയും കൊട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ച് അക്രമസമരങ്ങൾക്കാണ് സി.പി.എം ശ്രമിക്കുന്നതെങ്കിൽ അത് കർശനമായി നേരിടാൻ സർക്കാരിനറിയാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

മന്ത്രിയെ ലക്ഷ്യമിട്ട് പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ നിരവധി തവണയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ അക്രമങ്ങളുടെ തുടർച്ചയാണിത്. തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ പാർട്ടി നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും നാട്ടിൽ കലാപമുണ്ടാക്കാനുമാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഒരു ക്രിമിനൽ മാഫിയാ സംഘത്തെപ്പോലെയാണ് പാർട്ടി ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി സർക്കാരിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങൾക്ക് മന്ത്രി ഒ.ജെ. ജനീഷ് നേതൃത്വം നൽകിയതാണോ സി.പി.എമ്മിനെ അസ്വസ്ഥരാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും അതുപോലെ തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനൽ സംഘങ്ങളും കരുതേണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours