ഡൽഹിയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഇനി നിർമ്മിത ബുദ്ധി; 1,789 കോടിയുടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് കേന്ദ്രാനുമതി

Estimated read time 0 min read

ന്യൂഡൽഹി: ഡൽഹി നഗരം നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് നിർമ്മിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹി പോലീസ് നടപ്പിലാക്കുന്ന 1,789.52 കോടി രൂപയുടെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് (ഐ.ടി.എം.എസ്) കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തത്സമയ ഗതാഗത വിവരങ്ങൾ, എ.ഐ അധിഷ്ഠിതമായ ട്രാഫിക് സിഗ്നലുകൾ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഓട്ടോമേറ്റഡ് പരിശോധനാ സംവിധാനം, കേന്ദ്രീകൃത കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. ഈ സംവിധാനം നിലവിൽ വരുന്നതോടെ നിലവിലെ റോഡ് ശൃംഖല കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനാകുമെന്ന് മന്ത്രി വിശദീകരിച്ചു.

ഡൽഹിയിലെ തിരക്കേറിയ 42 പ്രധാന ഗതാഗത ഇടനാഴികളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 24 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ സംവിധാനത്തിന്റെ നിർമ്മാണവും, തുടർന്നുള്ള അഞ്ച് വർഷത്തെ പ്രവർത്തനവും പരിപാലനവും ഒരേ ഏജൻസി തന്നെയാകും നിർവ്വഹിക്കുക.

+ There are no comments

Add yours