ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഒഴികെ ആഴ്ചയിലെ മറ്റ് ആറ് ദിവസങ്ങളിലും വെർച്വൽ ക്യൂ ദർശന സൗകര്യം ഏർപ്പെടുത്തുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2,400 പേർക്ക് വീതമാണ് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നത്. പുതിയ തീരുമാനപ്രകാരം ഉദയാസ്തമയ പൂജയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ രണ്ട് സ്ലോട്ടുകളിലായി വെർച്വൽ ക്യൂ ദർശനം നടപ്പിലാക്കാനാണ് ദേവസ്വം ഭരണസമിതി ഉദ്ദേശിക്കുന്നത്.
കൂടാതെ, ഗുരുവായൂരിൽ പുതിയ വെറ്ററിനറി കോളേജ് ആരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകാൻ ദേവസ്വം തയ്യാറാണ്. നിലവിൽ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിൽ 35 ആനകളും 1,600 പശുക്കളുമുണ്ട്. ഇതിൽ 1,400 പശുക്കൾ മലപ്പുറം ജില്ലയിലെ വേങ്ങാടുള്ള 100 ഏക്കർ എസ്റ്റേറ്റിലാണ്. ബാക്കിയുള്ളവയിൽ 119 പശുക്കൾ കാവീട് ഗോകുലത്തിലും 32 പശുക്കൾ കിഴക്കേനടയിലെ ഗോശാലയിലുമാണ് സംരക്ഷിക്കപ്പെടുന്നത്.




+ There are no comments
Add yours