ബിജെപിക്കെതിരായ സമരത്തിൽ സിപിഎമ്മിന് പൊള്ളുന്നതെന്തിന്? എസ്.എഫ്.ഐയുടേത് ആസൂത്രിത അക്രമമെന്ന് വി.ഡി. സതീശൻ

Estimated read time 0 min read

തിരുവനന്തപുരം: ബിജെപിക്കും സംഘപരിവാറിനുമെതിരെ കോൺഗ്രസും പോഷക സംഘടനകളും ആർജ്ജവത്തോടെ സമരം ചെയ്യുമ്പോൾ കേരളത്തിലെ സിപിഎമ്മിന് എന്തിനാണ് അസ്വസ്ഥതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. ഇതിൽ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ എസ്.എഫ്.ഐ അതിക്രമം സിപിഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്.എഫ്.ഐക്കാർ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പികളും വലിച്ചെറിയുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിനെയും സതീശൻ ചോദ്യം ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുവമോർച്ചയും ബിജെപിയും നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് തിരുവനന്തപുരത്ത് എസ്.എഫ്.ഐയും സിപിഎമ്മും ചെയ്തത്. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്ന് ഇത്തരം സംഭവങ്ങളിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours