സ്വതന്ത്ര ജീവിതത്തിന് തടസ്സം; കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ മുക്കിക്കൊന്നതാണെന്ന് അമ്മയുടെ കുറ്റസമ്മതം, മൊഴി അവിശ്വസനീയമെന്ന് പൊലീസ്

Estimated read time 0 min read

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം മക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൃത്യം നടത്തിയതെന്നാണ് പ്രതി നിവേദ്യ പൊലീസിന് നൽകിയ മൊഴി. കുളിമുറിയിലെ തൊട്ടിയിൽ തള്ളിയിട്ട് മുതുകിൽ അമർത്തിപ്പിടിച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം മൂത്തമകളായ ജെന്നിഫർ ജൂലിയേറ്റിനെ (5) മുക്കിക്കൊന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ മകൻ റോബിൻ ക്രിസ്റ്റോഫറിനെയും (3) സമാനരീതിയിൽ കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്. ചെറിയ ടാങ്കായതിനാൽ അഞ്ച് വയസ്സുകാരി അബദ്ധത്തിൽ വീണ് മരിക്കാനുള്ള സാധ്യത പൊലീസ് തുടക്കത്തിലേ തള്ളിയിരുന്നു. നിവേദ്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന വിവരത്തിന്റെ കൂടി അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.

അതേസമയം, നിവേദ്യ പറയുന്ന കൊലപാതകകാരണം പൂർണ്ണമായും വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസിന്റെ നിഗമനം. കൃത്യത്തിൽ പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കേസിൽ ദുരൂഹതകൾ ബാക്കിയുള്ളതിനാൽ വരുംദിവസങ്ങളിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

+ There are no comments

Add yours