ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യയുടെ ക്വട്ടേഷൻ; തൃശൂരിൽ പൊലീസ് ചമഞ്ഞെത്തിയ ഗുണ്ടാസംഘം യുവതിയെ പീഡിപ്പിച്ചു

Estimated read time 0 min read

തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ഭാര്യ ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകി. തൃശൂരിലെ ഒമേഗ ലോഡ്ജിൽ വെച്ചാണ് പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ ഏറ്റെടുത്ത അഞ്ചംഗ ഗുണ്ടാസംഘത്തെ തൃശൂർ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ച് ദിവസം മുമ്പാണ് തിരുപ്പൂർ സ്വദേശിയായ യുവതിയും ആൺസുഹൃത്തും തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. യുവതിയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയ അക്രമികൾ പൊലീസാണെന്ന് വ്യാജേന മുറിയിൽ കടന്നുകയറുകയായിരുന്നു. തുടർന്ന് യുവതിയെ ലൈംഗികമായി ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അതിക്രൂരമായി മർദ്ദിക്കുകയും കയ്യും കാലും തല്ലിയൊടിച്ച ശേഷം തമിഴ്‌നാട്ടിലെ ആശുപത്രിയിൽ ഉപേക്ഷിക്കുകയും ചെയ്തു.

യുവതി ജോലി ചെയ്തിരുന്ന നിലമ്പൂരിലെ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ സിറ്റി പൊലീസ് പ്രതികളെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട ഒരാളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

+ There are no comments

Add yours