സഹപൈലറ്റിന്റെ കുത്തേറ്റിട്ടും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; 170 ജീവനുകൾ കാത്ത ഇന്ത്യൻ പൈലറ്റിന് ലോകത്തിന്റെ ആദരം

Estimated read time 1 min read

റിയാദ്: ആകാശത്ത് 34,000 അടി ഉയരത്തിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കുത്തേറ്റിട്ടും മനോധൈര്യം കൈവിടാതെ വിമാനം സുരക്ഷിതമായി താഴെയിറക്കി ഇന്ത്യൻ പൈലറ്റ്. സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനും മുംബൈ സ്വദേശിയുമായ സ്മിത്ത് മച്ചാറിന്റെ ധീരതയാണ് 170-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

വിമാനം പറന്നുയർന്ന് 34,000 അടി മുകളിൽ നിൽക്കവെയാണ് ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയുമായി സഹപൈലറ്റ് ക്യാപ്റ്റന് നേരെ പാഞ്ഞടുത്തത്. തടയാൻ ശ്രമിക്കുന്നതിനിടെ സ്മിത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചോര വാർന്ന് തുടങ്ങുകയും ചെയ്തു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം ഒരു കൈകൊണ്ട് അക്രമിയെ തടഞ്ഞുനിർത്തുകയും, മറുകൈകൊണ്ട് കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാരുടെ സഹായം തേടുകയുമായിരുന്നു. യാത്രക്കാർ ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുമ്പോഴേക്കും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. എന്നാൽ, ചോരയൊലിക്കുന്ന അവസ്ഥയിലും അസാമാന്യ മനോധൈര്യത്തോടെ അദ്ദേഹം യാത്രക്കാരുടെ കൂടി സഹായത്തോടെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു.

കഴിഞ്ഞ 14 വർഷമായി വ്യോമയാന രംഗത്തുള്ള ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് 9,750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. ഒരു പതിറ്റാണ്ടോളം സ്പൈസ് ജെറ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2022 ജൂൺ മുതലാണ് ഫ്ളൈ ദുബായുടെ ബോയിങ് 737 വിമാനത്തിൽ ക്യാപ്റ്റനായത്.

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്മിത്തിന്റെ ആരോഗ്യനില സൗദിയിലെ ഇന്ത്യൻ എംബസി നിരീക്ഷിച്ചുവരികയാണ്. തൻ്റെ ജീവൻ പണയപ്പെടുത്തിയും യാത്രക്കാരെ കാത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്മിത്ത് യഥാർത്ഥ ഹീറോയാണെന്ന് വിശേഷിപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കോക്പിറ്റിൽ ക്യാപ്റ്റനെ സഹായിച്ച യാത്രക്കാരനെയും പ്രത്യേകം പ്രശംസിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് ഈ ധീരനായ പൈലറ്റിന് ഇപ്പോൾ അഭിനന്ദന പ്രവാഹമെത്തുന്നത്.

+ There are no comments

Add yours