ഉത്സവ സീസണിൽ ഇരുട്ടടി; വാണിജ്യ എൽ.പി.ജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു

Estimated read time 0 min read

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 62 രൂപ മുതൽ 71 രൂപ വരെയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഉത്തരേന്ത്യയിലുൾപ്പെടെ പ്രമുഖ ഉത്സവങ്ങൾ വരാനിരിക്കെയാണ് ഈ വിലവർധനവ് ഹോട്ടൽ, റെസ്റ്റോറൻ്റ് മേഖലകൾക്കും ജനങ്ങൾക്കും തിരിച്ചടിയാകുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2810 രൂപയായി ഉയർന്നു. സെപ്റ്റംബറിൽ ഇത് 2747.50 രൂപയായിരുന്നു (62.50 രൂപയുടെ വർധന). മുംബൈയിൽ 63 രൂപ വർധിച്ച് പുതിയ വില 2764 രൂപയിലെത്തിയിട്ടുണ്ട്. ചെന്നൈയിലാണ് മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടിയ നിരക്ക്. ഇവിടെ 65.50 രൂപയുടെ വർധനവുണ്ടായതോടെ സിലിണ്ടർ വില 2983 രൂപയായി.

രാജ്യത്തെ ചില പ്രദേശങ്ങളിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം കടന്നിരിക്കുകയാണ്. ലേയിൽ വില 3,385.50 രൂപയിൽ നിന്ന് 3,450 രൂപയായി കുതിച്ചുയർന്നു. തവാങ്ങിൽ 3,073.50 രൂപയും കന്യാകുമാരിയിൽ 3,046 രൂപയുമാണ് പുതിയ വില. അഹമ്മദാബാദിൽ ഒരു സിലിണ്ടറിന് 2,831.50 രൂപ നൽകണം. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നത് സാധാരണക്കാർക്ക് നേരിയ ആശ്വാസമാണ്.

+ There are no comments

Add yours