തിരുവനന്തപുരം: പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇന്ന് വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെയാണ് നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്ത് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് നിലവിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല. എൽനിനോ പ്രതിഭാസത്തെത്തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയുമാണ് ഇതിന് പ്രധാന കാരണം. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് വൈദ്യുതി ഡിമാൻഡിൽ 1200 മെഗാവാട്ടിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വിഹിതത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.
ദേശീയ തലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടെന്നാണ് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ അഖിലേന്ത്യാ തലത്തിൽ വൈദ്യുതി ഡിമാൻഡ് 5,000 മെഗാവാട്ട് വരെ ഉയരാനും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 5,000 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ടെന്ന് ഗ്രിഡ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്ത് ഗ്രിഡ് ഫ്രീക്വൻസി വലിയ തോതിൽ കുറഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം, നിലവിലെ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി മധ്യപ്രദേശുമായി ഉണ്ടാക്കിയ സ്വാപ്പ് കരാർ പ്രകാരമുള്ള 200 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് ലഭ്യമാകും. ഇതിനുപുറമെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 100 മെഗാവാട്ട് വൈദ്യുതി കൂടി ലഭിക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.




+ There are no comments
Add yours