വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Estimated read time 1 min read

കോട്ടയം: വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സിനിമാ-ടെലിവിഷൻ താരം കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി ഈ തുക നൽകണമെന്നാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ വിധി. 30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവെക്കാനും ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.

കോടതി ചെലവുകൾ ഉൾപ്പെടെയാണ് 1.77 കോടി രൂപ അനുവദിച്ചിരിക്കുന്നത്. സുധിയുടെ ഭാര്യ, രണ്ട് മക്കൾ, അമ്മ എന്നിവരാണ് ഈ നഷ്ടപരിഹാരത്തുകയ്ക്ക് അർഹരായ അവകാശികൾ. കുടുംബത്തിന് വേണ്ടി അഡ്വ. കലേഷ് കുമാർ കോടതിയിൽ ഹാജരായി.

2023 ജൂൺ മാസത്തിൽ തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട് വടകരയിൽ ഒരു സ്റ്റേജ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന താരങ്ങൾ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഈ അപകടത്തിൽ സുധിക്കൊപ്പമുണ്ടായിരുന്ന മറ്റ് ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.

+ There are no comments

Add yours