ചെന്നൈ: തമിഴ്നാട്ടിൽ ജനങ്ങളെ അടിമകളാക്കി ഭരിക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നതെന്നും, എന്നാൽ തമിഴക വെട്രി കഴകം (ടി.വി.കെ) എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അണ്ണാദുരൈ ഉൾപ്പെടെയുള്ള നേതാക്കളെ മറന്നുകൊണ്ട് ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിൽ രഹസ്യബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് എങ്ങനെയെങ്കിലും അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് ഈ രഹസ്യ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദൈവവിശ്വാസിയാണെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് താൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. മറ്റുള്ളവരെപ്പോലെ ഈശ്വരവിശ്വാസത്തിന് താൻ എതിരല്ല. ടി.വി.കെയ്ക്കെതിരെ എത്രത്തോളം വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും ഉണ്ടാകുന്നുവോ, അത്രത്തോളം പാർട്ടി ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്ന് ഡി.എം.കെ നിരന്തരം ആവർത്തിക്കാറുണ്ടെങ്കിലും പ്രായോഗികമായി അവർ ഒരിക്കലും അതിന് തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എം.ജി.ആറിനെയും ജയലളിതയെയും പൂർണ്ണമായും മറന്ന അണ്ണാ ഡി.എം.കെ ഇപ്പോൾ ഡി.എം.കെയുടെ വെറുമൊരു ശാഖയായി മാറിയിരിക്കുകയാണ്. ഇരു പാർട്ടികൾക്കും ഇപ്പോൾ ഒരേ നിയന്ത്രണ കേന്ദ്രമാണുള്ളത്. ഈ അവിശുദ്ധ കൂട്ടുകെട്ടിലുള്ള കടുത്ത അതൃപ്തി കാരണമാണ് അണ്ണാ ഡി.എം.കെയിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും ടി.വി.കെയിലേക്ക് ഒഴുകിയെത്തുന്നത്. സംസ്ഥാനത്ത് ഡി.എം.കെയെ യഥാർത്ഥത്തിൽ എതിർക്കുന്നത് ടി.വി.കെ മാത്രമാണെന്നും, ജനങ്ങളുടെ നന്മയ്ക്കായി ഏതറ്റം വരെ പോകാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours