തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് വെച്ച് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കാൻ എസ്.എഫ്.ഐയുടെ ആഹ്വാനം. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് വിദ്യാർത്ഥികൾ മാർച്ച് നടത്തും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12 മണിക്ക് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്. ഇതിന് പുറമെ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പിയും ആഹ്വാനം ചെയ്തിട്ടുണ്ട്.
തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ അക്രമസംഭവങ്ങളുടെയും പാർട്ടി ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ നഗരത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. എ.കെ.ജി സെന്റർ, ഡി.സി.സി ഓഫീസ്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ, ഡി.വൈ.എഫ്.ഐ ഓഫീസ് എന്നിവയ്ക്ക് മുന്നിലാണ് സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിനിടെയാണ് നഗരത്തെ യുദ്ധക്കളമാക്കിയ സംഘർഷങ്ങൾക്ക് തുടക്കമായത്. മാർച്ചിന് നേരെ കേരള യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചപ്പോൾ, തങ്ങളുടെ ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം. ഇതേത്തുടർന്ന് ഹോസ്റ്റലിന് മുന്നിൽ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സംഭവത്തിൽ ഇരു വിഭാഗത്തിലെയും പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.




+ There are no comments
Add yours