തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫിനെ പരസ്യമായി തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാനത്ത് വലിയ തോതിലുള്ള മരുന്ന് ക്ഷാമമില്ലെന്നും അത്യാവശ്യ രോഗികൾക്കുള്ള മരുന്നുകളെല്ലാം നിലവിൽ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ എക്കാലത്തും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അന്തിമ തീരുമാനമെടുക്കുന്നത് സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ മുൻഗാമികളെ രക്ഷിക്കാൻ ചിലർ ശ്രമിച്ചേക്കാം, എന്നാൽ ജനങ്ങളെ രക്ഷിക്കുകയെന്ന തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.എസ്.സി.എല്ലിൽ (KMSCL) സ്റ്റോക്കില്ലാത്ത മരുന്നുകൾ പോലും നിലവിൽ വിവിധ ആശുപത്രികളിൽ ലഭ്യമാണ്. മരുന്നുകൾ അടിയന്തരമായി വാങ്ങുന്നതിനായി ആശുപത്രികൾക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ആര് തടസ്സം നിന്നാലും ജനങ്ങൾക്ക് കൃത്യമായി മരുന്നെത്തിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ഇതിനുപുറമെ, ശബരിമലയിലെ കടകളുടെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതതല യോഗത്തിലെ തർക്കം
സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രിയും വകുപ്പ് സെക്രട്ടറിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. മരുന്നുകൾക്ക് കുറവുണ്ടെന്നും അവ അടിയന്തരമായി വാങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടപ്പോൾ, ക്ഷാമം മാധ്യമസൃഷ്ടിയാണെന്നും ആവശ്യത്തിന് മരുന്നുകളുണ്ടെന്നുമായിരുന്നു സെക്രട്ടറി ഷർമ്മിള മേരി ജോസഫിന്റെ പ്രതികരണം. എന്നാൽ, 28 ഇനം മരുന്നുകൾ സ്റ്റോക്കില്ലെന്ന് കെ.എം.എസ്.സി.എൽ ജനറൽ മാനേജർ യോഗത്തിൽ തുറന്നുസമ്മതിച്ചു. മരുന്നുകൾക്കായി ഉടൻ ടെൻഡർ വിളിക്കാൻ മന്ത്രി നിർദ്ദേശിച്ചെങ്കിലും, അടിയന്തര ആവശ്യമില്ലെന്നും അടുത്തയാഴ്ച ബോർഡ് യോഗം ചേർന്നശേഷം തീരുമാനിക്കാമെന്നുമുള്ള സെക്രട്ടറിയുടെ നിലപാട് മന്ത്രിയിൽ കടുത്ത അതൃപ്തിയുണ്ടാക്കി.
കെ.എം.എസ്.സി.എല്ലിൽ നാഥനില്ലാക്കളരി
അതേസമയം, കെ.എം.എസ്.സി.എല്ലിന്റെ തലപ്പത്ത് സ്ഥിരം മേധാവില്ലാത്തത് വലിയ ഭരണപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരായ അനു എസ്. നായർ, എച്ച്. ദിനേശ് എന്നിവർക്ക് എം.ഡിയുടെ പൂർണ്ണ അധിക ചുമതല നൽകിയെങ്കിലും ഇരുവരും പദവി ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ ജനറൽ മാനേജർ രാകേഷിന് മാനേജിങ് ഡയറക്ടറുടെ ചുമതല കൂടി നൽകി സർക്കാർ ഇന്നലെ ഉത്തരവിറക്കി. സ്ഥിരം എം.ഡി ഇല്ലാത്തത് നിർണ്ണായക തീരുമാനങ്ങളെടുക്കുന്നതിനെയും കോർപ്പറേഷന്റെ സുഗമമായ നടത്തിപ്പിനെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ഈ ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.




+ There are no comments
Add yours