പാട്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്തുക്കൾ പിടിച്ചെടുത്തു. ഒരു കോടിയോളം രൂപ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, ഭൂമി ഇടപാടുകളുടെ രേഖകൾ എന്നിവയാണ് റെയ്ഡിൽ കണ്ടെടുത്തത്.
പാട്നയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, ഭാര്യയും ദാനാപ്പൂർ സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ഇവരുടെ പാട്നയിലെ വസതിയിലും ബെഗുസാരായിയിലുള്ള തറവാട്ടു വീട്ടിലും ഒരേസമയമായിരുന്നു ബിഹാർ വിജിലൻസ് ബ്യൂറോയുടെ മിന്നൽ പരിശോധന. ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
പാട്നയിലെ വീട്ടിൽ നിന്ന് 70 ലക്ഷം രൂപയും ആറ് ലക്ഷം രൂപ വിലമതിക്കുന്ന 48 ആഡംബര വാച്ചുകളുമാണ് കണ്ടെത്തിയത്. ബെഗുസാരായിയിലെ വീട്ടിൽ നിന്നാണ് ഒമ്പത് ലക്ഷം രൂപയും സ്വർണ്ണ, വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തത്. ഇതിനുപുറമെ, പാട്നയിൽ ഇവർക്ക് 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവ രവീന്ദ്ര കുമാറിന്റെയും ഭാര്യയുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിൽ 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും പാട്നയിൽ ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
പിടിച്ചെടുത്ത പണം എണ്ണുന്നതിനായി ഉദ്യോഗസ്ഥർ പ്രത്യേക നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചിരുന്നു. വിജിലൻസ് സംഘത്തിന്റെ പരിശോധന തുടരുകയാണെന്നും, കണ്ടെടുത്ത പണത്തിന്റെയും ആഭരണങ്ങളുടെയും കൃത്യമായ മൂല്യം അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.




+ There are no comments
Add yours