ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ അമേരിക്ക മറുപടി നൽകി. മധ്യസ്ഥരായ ഖത്തർ വഴിയാണ് അമേരിക്ക തങ്ങളുടെ ഔദ്യോഗിക മറുപടി ഇറാനെ അറിയിച്ചത്. അമേരിക്കയിൽ നിന്നുള്ള സന്ദേശം ലഭിച്ചതായി ഇറാൻ സർക്കാർ വക്താവ് ഫത്തേമെ മൊഹജെറാനി സ്ഥിരീകരിച്ചു. എന്നാൽ, മറുപടിയിലെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അമേരിക്കയുടെ സന്ദേശം പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന് മുന്നിൽ അവതരിപ്പിച്ചു.
ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നായിരുന്നു ഇറാന്റെ നിലപാട്. മേഖലയിലെ വെടിനിർത്തൽ, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകൽ, ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവയാണ് ഇറാൻ പ്രധാനമായും ആവശ്യപ്പെടുന്നത്. തങ്ങളുടെ സുരക്ഷാ ആശങ്കകൾ അമേരിക്ക പരിഹരിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിലെ യു.എസ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്കിടെ ഇറാൻ ഇനിയും വഴങ്ങുമോ എന്ന് ഉറപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കർശനമായി തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യക്തമാക്കി. ഇതിനിടെ, വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ നയങ്ങളെ തള്ളിക്കളയണമെന്ന് അമേരിക്കൻ ജനതയോട് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ആഹ്വാനം ചെയ്തു.




+ There are no comments
Add yours