ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാൻ ‘ഇന്ത്യ’ സഖ്യം; ഒക്ടോബർ എട്ടുവരെ രാജ്യവ്യാപക പ്രതിഷേധം

Estimated read time 1 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാൻ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ എട്ടുവരെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് നേതാക്കൾ വ്യക്തമാക്കി.

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന നിർണായക യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു. ഉദ്ധവ് താക്കറെ, ഹേമന്ത് സോറൻ തുടങ്ങിയ നേതാക്കൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് പ്രതിപക്ഷ എം.പിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. ഇതിന് പുറമെ, ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മഹാറാലികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയാണെന്നും ജനങ്ങളുടെ അവകാശങ്ങൾ അവർ തട്ടിയെടുക്കുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ഈ പോരാട്ടത്തിൽ രാജ്യത്തെ യുവാക്കളുടെയും സ്ത്രീകളുടെയും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അവർ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും ചേർന്ന് രാജ്യത്തെ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനാധിപത്യത്തെ തകർത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് ‘ഇന്ത്യ’ സഖ്യം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

+ There are no comments

Add yours