ശബരിമല ടെന്‍ഡർ ചോർച്ച: കാലങ്ങളായുള്ള ദുശ്ശീലങ്ങളാണ് കാരണമെന്ന് കെ. ജയകുമാർ; ഉപജാപക സംഘങ്ങളെ അനുവദിക്കില്ല

Estimated read time 0 min read

പത്തനംതിട്ട: ശബരിമലയിലെ ടെൻഡർ നടപടികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. കാലങ്ങളായി ദേവസ്വം ബോർഡിൽ നിലനിൽക്കുന്ന ചില അനാശാസ്യ ശീലങ്ങളാണ് ഇത്തരം വീഴ്ചകൾക്ക് കാരണമെന്നും, ഈ പ്രവണതകൾ ഘട്ടംഘട്ടമായി മാറ്റിയെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ടെൻഡർ ചോർച്ചകൾ ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

കോടികൾ മുടക്കി ലേലം പിടിക്കുന്ന കുത്തക കരാറുകാരോട് ബോർഡിന് യാതൊരു വിരോധവുമില്ല. എന്നാൽ സുതാര്യമായ രീതിയിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാകണം ബിസിനസ്സ് നടത്തേണ്ടത്. അല്ലാതെ ഉപജാപക സംഘങ്ങളെ രൂപീകരിക്കാനോ ബോർഡിന് മേൽ നിയന്ത്രണം കൊണ്ടുവരാനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശബരിമലയിലെ കുത്തക കടകളുടെ ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിലും വിവരങ്ങൾ ചോർന്നതിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ, സത്യപ്രതിജ്ഞാ ലംഘന വിവാദത്തിൽപ്പെട്ട ദേവസ്വം ബോർഡ് അംഗം കെ. രാജുവിനെ ജയകുമാർ പിന്തുണച്ചു. രാജു ചട്ടലംഘനം നടത്തുന്ന ആളല്ലെന്നും, ഈ വിഷയം നിലവിൽ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

+ There are no comments

Add yours