തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനായി നടൻ പ്രേംകുമാർ ചുമതലയേറ്റു. സർക്കാർ നൽകിയ വലിയ ചുമതലയെ ഒരു പദവി എന്നതിലുപരി വലിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും, ഇതൊരു കാവ്യനീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അടിയന്തരമായി ഇടപെടേണ്ട നിരവധി കാര്യങ്ങൾ ഈ മേഖലയിലുണ്ട്. നിർമ്മാണം പൂർത്തിയാക്കാനുള്ള തിയേറ്ററുകളുടെ പണികൾ വേഗത്തിലാക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. ചിത്രാഞ്ജലി സ്റ്റുഡിയോ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും. തിയേറ്ററുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രേക്ഷകരെ ചൂഷണം ചെയ്യുന്ന പ്രവണതകൾക്കെതിരെ കർശന ഇടപെടലുകളുണ്ടാകും. ചലച്ചിത്ര രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവാക്കളെ ചേർത്തുപിടിക്കുമെന്നും പുതിയ പ്രതിഭകളെ വാർത്തെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയെ കലയായി മാത്രമല്ല, ഒരു വ്യവസായം എന്ന രീതിയിൽ കൂടി സംരക്ഷിക്കാനുള്ള നീക്കങ്ങളുണ്ടാകും.
കഴിഞ്ഞകാല സംഭവങ്ങളിൽ ആരോടും പരാതിയോ പരിഭവമോ ഇല്ല. എന്നാൽ, സ്ഥാനത്തുനിന്ന് അന്ന് പറഞ്ഞുവിട്ടപ്പോൾ കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതിരുന്നത് മനസ്സിനേറ്റ മുറിവാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു. സർക്കാരിന്റെ പൂർണ്ണ പിന്തുണയുള്ളതിനാൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സണായി നടി പ്രിയങ്ക നായരും ഇന്ന് ചുമതലയേറ്റു. ചലച്ചിത്ര മേഖലയെ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, സിനിമാ മേഖലയിലെ വനിതാ പ്രവർത്തകരെ ചേർത്തുപിടിച്ച് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.




+ There are no comments
Add yours