തൃശൂർ: തളിക്കുളം ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് പ്രതാപനെന്നും, അദ്ദേഹം പാർട്ടി വളരാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയത്.
തളിക്കുളം പഞ്ചായത്തിലെ 13-ാം വാർഡായ ആര്യംപാടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിജി കൃഷ്ണ ഘോഷ് 29 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ വെറും അഞ്ച് വോട്ടിനായിരുന്നു ഇവിടെ എൽ.ഡി.എഫ് വിജയിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന ഇ.വി. കൃഷ്ണഘോഷിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.




+ There are no comments
Add yours