കണ്ണൂർ: മട്ടന്നൂരിൽ എക്സൈസ് വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് ഡോക്ടർമാർ പിടിയിലായി. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്മം വീട്ടിൽ ഡോ. സിദ്ധാർത്ഥ് സി.പി (31) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിൽ നിന്നും പ്രതികൾ ഉപയോഗിച്ചിരുന്ന ആഡംബര വാഹനമായ മഹീന്ദ്ര താറിൽ നിന്നുമായി 2.809 ഗ്രാം എം.ഡി.എം.എയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിയും, മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന യുവ ഡോക്ടറുമാണ്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി. ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. അഭിജിത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിദഗ്ധമായി പിടികൂടിയത്. മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (JFCM) കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ കേസ് സംബന്ധിച്ച തുടര്‍ നടപടികൾ വടകര എൻ.ഡി.പി.എസ് (നാർക്കോട്ടിക്) സ്പെഷ്യൽ കോടതിയിലാകും നടക്കുക.




+ There are no comments
Add yours