ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ പ്രതിപക്ഷം. ഭാവി സമരപരിപാടികൾക്ക് രൂപം നൽകുന്നതിനായി ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്. അതേസമയം, ആം ആദ്മി പാർട്ടിയും (എ.എ.പി) ഡി.എം.കെയും യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ രാജ്യത്തിന് കടുത്ത ആശങ്കയുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യോഗത്തിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ പരാതികളും അതിന്മേലുള്ള തെളിവുകളും കമ്മീഷൻ പാടെ അവഗണിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 13 കോടി പേരെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കണം. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന് മുൻപ് വോട്ടറെ അറിയിക്കുകയും അപ്പീലിന് അവസരം നൽകുകയും വേണം. വരും തിരഞ്ഞെടുപ്പുകളിൽ ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നും എസ്.ഐ.ആറിന് മുൻപുള്ള വോട്ടർ പട്ടിക പരിഗണിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആജീവനാന്ത പരിരക്ഷ നൽകുന്ന നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
മല്ലികാർജുൻ ഖാർഗെക്ക് പുറമെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. പാർലമെന്റിൽ കേവലം ഇറങ്ങിപ്പോക്ക് മാത്രം പോരെന്നും, ഇംപീച്ച്മെന്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കണമെന്നുമാണ് പ്രതിപക്ഷ നീക്കം. കൂടാതെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ രാജിവെക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ കോൺഗ്രസ് ഉന്നയിക്കുന്ന അതേ ആവശ്യങ്ങൾ തന്നെയാണ് ഡി.എം.കെയ്ക്കുമുള്ളതെന്നും, വിഷയം പാർലമെന്റിൽ വന്നാൽ പിന്തുണയ്ക്കുമെന്നും ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ വ്യക്തമാക്കി. അതിനർത്ഥം ഡി.എം.കെ പൂർണ്ണമായും ഇന്ത്യാ സഖ്യത്തിനൊപ്പമാണെന്നല്ലെന്നും, തങ്ങളെക്കൂടാതെ എ.എ.പിയും യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാന കക്ഷികൾ വിട്ടുനിന്നതോടെ, യോഗം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യാ സഖ്യം തകർന്നുവെന്ന് ബി.ജെ.പി പരിഹസിച്ചു.




+ There are no comments
Add yours