മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി

Estimated read time 1 min read

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയ നിർമ്മാണത്തിലെ അഴിമതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നിർദ്ദേശം. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര നടപടി.

ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വീടുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ചെലവ് ചുരുക്കി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുമുള്ള അനാവശ്യ തിടുക്കമാണ് അപാകതകൾക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. പ്രീ-എൻജിനീയേർഡ് ബിൽഡിംഗ് (PEB) രീതിയിൽ മുൻപരിചയമില്ലാത്ത ‘ടി.ഡി.എൽ.സി’ (TDLC) എന്ന കരാർ കമ്പനിക്ക് യാതൊരു പരിശോധനകളുമില്ലാതെയാണ് ജി.സി.ഡി.എ (GCDA) നിർമ്മാണച്ചുമതല നൽകിയത്. കമ്പനിയുടെ സാങ്കേതിക ശേഷി വിലയിരുത്തുന്നതിൽ തദ്ദേശവകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചു. ഫ്ലാറ്റ് നിർമ്മാണത്തിലെ ഈ അപാകതകൾ മുഹമ്മദ് ഷിയാസാണ് നിയമസഭയിൽ ഉന്നയിച്ചത്. നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകളുള്ളതിനാൽ മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചുകളയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 ഒക്ടോബർ 10-നാണ് 86 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി ജി.സി.ഡി.എ കരാർ ഒപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതി തുക, സൗകര്യങ്ങൾ വെട്ടിച്ചുരുക്കി പിന്നീട് 14.61 കോടി രൂപയായി കുറച്ചു. 90 ശതമാനം പണികളും പൂർത്തിയാക്കി 2024-ൽ കമ്പനി നിർമ്മാണം അവസാനിപ്പിച്ചു. 13.25 കോടി രൂപയുടെ ബില്ല് സമർപ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. ജി.സി.ഡി.എയുടെ ഈ നടപടികൾ കാരണം തങ്ങൾക്ക് 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിർമ്മാണ കമ്പനിയുടെ വാദം.

+ There are no comments

Add yours