വയനാട്: മുട്ടിൽ മരംമുറി കേസിലെ ആദ്യ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കാതെ മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരോട് (ബി.എഫ്.ഒ) വിശദീകരണം തേടി വനംവകുപ്പ്. മേപ്പാടി റേഞ്ചിലെ രണ്ട് ബി.എഫ്.ഒമാർക്കാണ് വകുപ്പ് മെമ്മോ നൽകിയത്. കോടതിയുടെ നിർദ്ദേശങ്ങൾ മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുന്നതിലും ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും ഈ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ചയുണ്ടായെന്നാണ് മേപ്പാടി റേഞ്ച് ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുറ്റപത്രം ബത്തേരി കോടതി മടക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംഭവത്തിൽ വനംമന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകിയത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് യഥാർത്ഥ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഒഴിവാക്കി, കോടതി ഡ്യൂട്ടി മാത്രമുണ്ടായിരുന്ന രണ്ട് ബി.എഫ്.ഒമാരെ പ്രതിക്കൂട്ടിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, സംസ്ഥാനത്ത് വ്യാപക മരംകൊള്ളയ്ക്ക് വഴിവെച്ച റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവിൽ മുറിച്ചുകടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ ഇനിയും പൂർണ്ണമായി കണ്ടെത്താനായിട്ടില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങളാണ് അന്ന് മുറിച്ചുമാറ്റിയത്. ഇതിൽ ആറ് കോടി രൂപയുടെ ഈട്ടി, തേക്ക് മരങ്ങൾ ഇപ്പോഴും കാണാമറയത്താണ്. കടത്തിയ ഈ മരങ്ങളെക്കുറിച്ച് കാര്യമായ തുടർ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.




+ There are no comments
Add yours