21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഇടുക്കി മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി

Estimated read time 0 min read

ഇടുക്കി: ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ഫാർമസിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് ലഭിച്ചത്. മരുന്നിന്റെ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനാൽ കുഞ്ഞിന് നൽകിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.

കുഞ്ഞിന് ജലദോഷവും ത്വക്കിൽ ഇൻഫെക്ഷനും ബാധിച്ചതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിച്ചുനൽകിയ ഓയിൻമെന്റ് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വാങ്ങി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ജൂൺ മാസത്തിൽ തന്നെ ഈ മരുന്നിന്റെ ഉപയോഗ കാലാവധി അവസാനിച്ചിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വലിയ അനാസ്ഥയാണ് ഉണ്ടായതെന്ന് സോബിൻ സണ്ണി കുറ്റപ്പെടുത്തി.

സംഭവത്തിൽ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫാർമസി അധികൃതരോട് സൂപ്രണ്ട് അടിയന്തര റിപ്പോർട്ട് തേടി. അതേസമയം, ഈ മരുന്ന് തങ്ങളുടെ ഫാർമസിയിൽ നിന്ന് നൽകിയതല്ലെന്നാണ് ചില ഫാർമസി ജീവനക്കാരുടെ വിശദീകരണം. പ്രശ്നത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

+ There are no comments

Add yours