ന്യൂഡൽഹി: കാൻസർ മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന കോർപ്പറേറ്റ് സ്വകാര്യ ആശുപത്രികളുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. കോർപ്പറേറ്റ് ആശുപത്രികളിൽ മരുന്നിന് പത്തിരട്ടി വരെ വില നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി, ഈ കൊള്ളലാഭം എങ്ങോട്ടേക്കാണ് പോകുന്നതെന്നും ആരാഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജീവ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആശുപത്രികൾക്ക് 2,700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്ന് രോഗികൾക്ക് 27,000 രൂപയ്ക്കാണ് വിൽക്കുന്നതെന്നും, ഈ കൊള്ളലാഭത്തെ ‘കൂട്ടക്കുരുതി’ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ എന്നും കോടതി നിരീക്ഷിച്ചു. കോർപ്പറേറ്റ് ആശുപത്രികൾ ഇപ്പോൾ വെറും വ്യവസായങ്ങളായി മാറിയിരിക്കുകയാണെന്നും അവരുടേത് സേവനമല്ലെന്നും കോടതി കുറ്റപ്പെടുത്തി. ചികിത്സാപ്പിഴ അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹങ്ങൾ പിടിച്ചുവെച്ചുപോലും ആശുപത്രികൾ വിലപേശുകയാണ്.
മരുന്ന് വിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോടതി നിർദ്ദേശിച്ചു. പരമാവധി ലാഭവിഹിതം 16 ശതമാനമായി നിജപ്പെടുത്തിക്കൂടേ എന്നും ബെഞ്ച് ചോദിച്ചു. കൂടാതെ, ആശുപത്രിയുടെ സ്വന്തം ഫാർമസിയിൽ നിന്നുമാത്രമേ മരുന്നുകൾ വാങ്ങാവൂ എന്ന് വലിയ സ്വകാര്യ ആശുപത്രികൾ നിർബന്ധം പിടിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മരുന്നുകളുടെ വില നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങളില്ലാത്തത് ചൂണ്ടിക്കാട്ടി കിഷൻ ചന്ദ് ജെയിൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങൾ. വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി ഒക്ടോബർ 12-ലേക്ക് മാറ്റി.




+ There are no comments
Add yours