‘സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം’; സംസ്ഥാനത്തെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ മികവ് നിലനിർത്താൻ ഭരണതലത്തിൽ നിന്ന് തുടർച്ചയായ ശ്രദ്ധയും ഇടപെടലുകളും അനിവാര്യമാണെന്നും അവർ ഓർമ്മിപ്പിച്ചു.

മരുന്ന് സംഭരണവും വിതരണവും കാര്യക്ഷമമാക്കുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെ.എം.എസ്.സി.എൽ) തലപ്പത്ത് കഴിവുറ്റ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തയ്യാറാകണം. കെ.എം.എസ്.സി.എൽ ഡിപ്പോകളിൽ കാലാവധി കഴിഞ്ഞ (എക്സ്പയറി ഡേറ്റ്) മരുന്നുകൾ പോലും ഇതുവരെ നീക്കം ചെയ്യാതെ കിടക്കുന്നത് വലിയ വീഴ്ചയാണെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ആരോഗ്യമേഖലയിലേക്ക് കോർപ്പറേറ്റുകൾ വലിയ തോതിൽ കടന്നുവരുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തിൽ സർക്കാർ ഒഴിവുകഴിവുകൾ പറഞ്ഞ് മാറിനിൽക്കാതെ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വെറുതെ വിമർശിക്കാൻ എളുപ്പമാണെന്നും, എന്നാൽ കാര്യക്ഷമമായി പ്രവർത്തിച്ച് പ്രതിസന്ധികൾ പരിഹരിച്ച് കാണിക്കാനാണ് പ്രയാസമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

+ There are no comments

Add yours