ന്യൂഡൽഹി: പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ ‘മകളേ’ എന്ന് വിളിച്ച് ചേർത്തുപിടിച്ച് ഡൽഹിയിലെ പ്രത്യേക കോടതി ജഡ്ജി. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സുമിത് ശാക്യ എന്ന പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ, ഡൽഹി രോഹിണി പോക്സോ കോടതി ജഡ്ജി രജനി രംഗ കുട്ടിക്കെഴുതിയ കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പെൺകുട്ടിക്ക് ഏഴ് വയസ്സുള്ളപ്പോഴായിരുന്നു പ്രതിയിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്.
നഷ്ടപ്പെട്ട ബാല്യം തിരികെ നൽകാനാകില്ലെങ്കിലും, അവളെ വേദനിപ്പിച്ചയാൾ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ലെന്ന് ജഡ്ജി കത്തിൽ ഉറപ്പുനൽകുന്നു. “മകളേ, നീ അങ്കിൾ എന്ന് വിളിച്ചിരുന്ന ആൾ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ല. വാർധക്യം വരെ അയാള്‍ തടവറയിലായിരിക്കും, അതിനുള്ളിൽ തന്നെ മരിക്കും. ഇനി നിന്നെയോ നിന്റെ കുഞ്ഞനുജത്തിയെയോ മറ്റൊരു കുട്ടിയെയോ ഉപദ്രവിക്കാൻ അയാള്‍ വരില്ല. ഉപദ്രവിച്ചയാളെ ഭയമില്ലാതെ ചൂണ്ടിക്കാട്ടി സത്യം പറഞ്ഞ നീയാണ് ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും വലിയ ധൈര്യശാലി”- ജഡ്ജി കുറിച്ചു.
ഇനി പഴയതെല്ലാം മറന്ന് സ്കൂളിൽ പോകണമെന്നും, പുതിയ കൂട്ടുകാരെ കണ്ടെത്തി സ്വപ്നങ്ങളിൽ മുഴുകി ചിരിച്ച് ജീവിക്കണമെന്നും ജഡ്ജി കത്തിലൂടെ പെൺകുട്ടിയെ ഉപദേശിച്ചു. അവളുടെ ഈ അപാരമായ ധൈര്യം കോടതി എന്നെന്നും ഓർക്കുമെന്ന വരികളോടെയാണ് ഈ കത്ത് അവസാനിക്കുന്നത്. കുറ്റവാളിക്ക് അർഹിച്ച ശിക്ഷ നൽകിയതിനൊപ്പം, ഒരു പെൺകുട്ടിക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള ആത്മവിശ്വാസം കൂടിയാണ് ന്യായാധിപ പകർന്നുനൽകിയത്.




+ There are no comments
Add yours