പൈലറ്റ് വാഹനങ്ങൾ കൂട്ടേണ്ട; കൂടുതൽ എസ്കോർട്ട് ഏർപ്പെടുത്തിയതിൽ പൊലീസിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 0 min read

തിരുവനന്തപുരം: തന്റെ യാത്രയ്ക്ക് സുരക്ഷയുടെ പേരിൽ കൂടുതൽ പൊലീസ് വാഹനങ്ങൾ വിന്യസിച്ചതിൽ തിരുവനന്തപുരം ഡി.സി.പിയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പൈലറ്റ് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കരുതെന്ന് അദ്ദേഹം പൊലീസിന് കർശന നിർദേശം നൽകി. ഇന്ന് രാവിലെ യാത്രയ്ക്കിറങ്ങിയപ്പോൾ പതിവിലും കൂടുതൽ അകമ്പടി വാഹനങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി അനിഷ്ടം പ്രകടിപ്പിക്കുകയും അധികമായി വന്ന വാഹനങ്ങൾ ഇടപെട്ട് മടക്കി അയക്കുകയുമായിരുന്നു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിക്ക് അമിത സുരക്ഷയും വലിയ വാഹനവ്യൂഹവും വേണ്ട എന്നത് വി.ഡി. സതീശൻ അധികാരമേറ്റ സമയത്ത് എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹത്തിന്റെ യാത്രകൾ ക്രമീകരിച്ചിരുന്നതും. എന്നാൽ, മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അടുത്തിടെയായി യുവമോർച്ചയുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാക്കയിൽ വെച്ച് മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലുൾപ്പെടെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇന്നും സമാനമായ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സന്നാഹം വർധിപ്പിച്ചത്. എന്നാൽ തന്റെ സുരക്ഷയുടെ പേരിൽ വാഹനവ്യൂഹം വർധിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖ്യമന്ത്രി.

+ There are no comments

Add yours