വൻ ഫീസ് വാങ്ങി അംഗീകാരമില്ലാത്ത കോഴ്‌സുകൾ; കഴക്കൂട്ടത്ത് ബ്രിക്‌സ് ഇന്റർനാഷണൽ ഉടമ കസ്റ്റഡിയിൽ

Estimated read time 1 min read

തിരുവനന്തപുരം: അംഗീകാരമില്ലാത്ത കോഴ്‌സുകൾ നടത്തി വിദ്യാർത്ഥികളിൽ നിന്ന് വൻ ഫീസ് ഈടാക്കിയെന്ന പരാതിയിൽ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ‘ബ്രിക്‌സ് ഇന്റർനാഷണൽ’ എന്ന സ്ഥാപനത്തിന്റെ ഉടമയും വള്ളക്കടവ് പെരുന്താന്നി സ്വദേശിയുമായ ഷംനാദിനെയാണ് കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, നഴ്സിങ് അസിസ്റ്റന്റ്, സപ്ലൈ ചെയിൻ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെ നടത്തിയിരുന്നത്. ഒരു വർഷത്തെ കോഴ്‌സ് ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സർട്ടിഫിക്കറ്റ് നൽകുമെന്നും വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികളെ ചേർത്തിരുന്നത്. 60,000 രൂപയായിരുന്നു കോഴ്‌സ് ഫീസ്. പുസ്തകങ്ങൾക്കായി പ്രത്യേക പണം വാങ്ങിയെങ്കിലും കോഴ്സ് തുടങ്ങി മൂന്നുമാസമായിട്ടും നൽകിയില്ലെന്നും പരാതിയുണ്ട്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അന്വേഷിച്ചപ്പോഴാണ് ഈ കോഴ്‌സുകൾക്ക് യാതൊരു അംഗീകാരവുമില്ലെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്. തുടർന്ന് നൽകിയ ഫീസും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളും തിരികെ ചോദിച്ചെങ്കിലും നൽകാൻ ഉടമ തയ്യാറായില്ല. ഇതേത്തുടർന്ന് 3,000 മുതൽ 40,000 രൂപ വരെ ഫീസ് നൽകിയ 13 പേർ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ, താൻ കെൽട്രോൺ അംഗീകൃത കോഴ്‌സുകളാണ് നടത്തുന്നതെന്നും വിദ്യാർത്ഥികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് ഉടമയുടെ വിശദീകരണം. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ മടക്കി നൽകാമെന്നും ഇയാൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

+ There are no comments

Add yours