ഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതി. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്നും, ഇതിനായി ഐ.ടി നിയമപ്രകാരം പുതിയ ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
നിയമപരമായി ഒരു കരാറിലേർപ്പെടാൻ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിബന്ധനകൾ അംഗീകരിച്ച് കുട്ടികൾക്ക് എങ്ങനെ അക്കൗണ്ടുകൾ തുടങ്ങാനാകുമെന്ന് കോടതി ചോദിച്ചു. നിയമത്തിന്റെ കണ്ണിൽ ഇത്തരം കരാറുകൾ തുടക്കം മുതൽ തന്നെ അസാധുവാണെന്ന് വ്യക്തമാക്കിയ കോടതി, 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ എങ്ങനെയാണ് അക്കൗണ്ടുകൾ എടുക്കുന്നതെന്നും ആരാഞ്ഞു.
അതേസമയം, കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നതിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 13-ലേക്ക് മാറ്റി.




+ There are no comments
Add yours