യു.എൻ സർവകലാശാലാ ക്യാമ്പസ് കേരളത്തിലേക്ക്; കൊച്ചി ആസ്ഥാനമായി പ്രവർത്തനം തുടങ്ങാൻ താത്പര്യമറിയിച്ചു

Estimated read time 1 min read

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭാ (യു.എൻ) സർവകലാശാലയുടെ പുതിയ ക്യാമ്പസ് കേരളത്തിലേക്ക് വരുന്നു. കൊച്ചി ആസ്ഥാനമാക്കി ക്യാമ്പസ് ആരംഭിക്കാൻ സർവകലാശാലാ അധികൃതർ സംസ്ഥാന സർക്കാരിനെ താത്പര്യമറിയിച്ചു. സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളായ കുസാറ്റ്, നുവാൽസ് (NUALS), സി.ഡി.എസ് (CDS) എന്നിവയുമായി സഹകരിച്ചാകും പുതിയ ക്യാമ്പസിന്റെ പ്രവർത്തനം.

ഈ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സർട്ടിഫിക്കറ്റുകളാകും വിദ്യാർത്ഥികൾക്ക് നൽകുക. ബിരുദാനന്തര ബിരുദം, ഡോക്ടറൽ കോഴ്സുകൾ എന്നിവയാണ് ഇവിടെ ലഭ്യമാക്കുക. ആഗോള പ്രശ്നങ്ങളിലെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മുൻഗണന നൽകുന്ന യു.എൻ സർവകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് 2027-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം. 1975-ൽ ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച യു.എൻ യൂണിവേഴ്സിറ്റിക്ക് നിലവിൽ ലോകത്താകമാനം 13 ക്യാമ്പസുകളുണ്ട്.

ക്യാമ്പസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക കൂടിയാലോചനകൾ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പുതിയ സ്വകാര്യ സർവകലാശാലാ ബില്ലിന്റെ പശ്ചാത്തലത്തിലാണ് വിദേശ സർവകലാശാലകൾ കേരളത്തിലേക്ക് എത്തുന്നത്. ഈ പുതിയ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടാകുന്നതാണ് പുതിയ തീരുമാനം.

+ There are no comments

Add yours