മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ; പിന്നീട് ജാമ്യത്തിൽ വിട്ടു

Estimated read time 0 min read

കോഴിക്കോട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മനുഷ്യജീവന് അപായമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം അരയിടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലത്തേക്ക് അശ്വന്ത് കോക്ക് ഓടിച്ചുവന്ന ഥാർ ജീപ്പ് മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ച് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് ശേഷം നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. ആദ്യം വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന ഇയാളെ, പിന്നീട് സ്ഥലത്തെത്തിയ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർന്ന് ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിഹാസരൂപേണയായിരുന്നു അശ്വന്ത് കോക്കിന്റെ മറുപടികൾ.

+ There are no comments

Add yours