സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത; ഒക്ടോബറിലും സർചാർജ് ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കാമെന്ന സൂചന നൽകി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1500 കോടിയിലധികം രൂപയുടെ വൈദ്യുതിയാണ് ബോർഡ് പുറത്തുനിന്ന് വാങ്ങിയത്. ഈ കണക്കുകൾ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ അവതരിപ്പിക്കും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിന് ശേഷമാകും നിരക്ക് വർധിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ റെഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക.

ഒക്ടോബർ മാസത്തോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വൈദ്യുതി ഡിമാൻഡ് ഇപ്പോഴും വളരെ കൂടുതലാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിലടക്കം മഴ ലഭിച്ചതിനാൽ റിയൽ ടൈം മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമായത് സംസ്ഥാനത്തിന് അനുകൂലമായി. ഒക്ടോബർ മാസത്തേക്കുള്ള ടെൻഡർ വിളിച്ചതും കൈമാറ്റ കരാറുകൾ അവസാനിച്ചതും വൈദ്യുതി ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ 500 മെഗാവാട്ടിന്റെ കുറവുണ്ടായാലും റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് സാധിക്കും.

പീക്ക് സമയങ്ങളിൽ അത്യാവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ പുറത്തുനിന്ന് വാങ്ങുന്നത് ഒഴിവാക്കാമെന്നും, 2000-ൽ സംസ്ഥാനത്ത് എത്രത്തോളം വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നോ അത് തന്നെയാണ് 2026-ലും തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വൈദ്യുതി ലഭ്യത ഉറപ്പായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്താനിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാനായത് കെ.എസ്.ഇ.ബിക്ക് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും നിയന്ത്രണങ്ങൾ വേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഓഗസ്റ്റ് മാസത്തിൽ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിന്റെ അധികച്ചെലവ് പരിഗണിച്ച് ഒക്ടോബറിലും സർചാർജ് ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം.

+ There are no comments

Add yours