സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല, ചിലതിന്റെ കുറവ് മാത്രം; ഒക്ടോബർ 15-ഓടെ പ്രശ്നം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

Estimated read time 1 min read

മലപ്പുറം: സംസ്ഥാനത്ത് മരുന്ന് ക്ഷാമം ഇല്ലെന്നും ചില പ്രത്യേക മരുന്നുകളുടെ കുറവ് മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഒക്ടോബർ 15-ഓടെ ഈ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്നും കുറവുള്ള മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഊർക്കടവ് ഹെൽത്ത് സബ് സെന്റർ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്ന പ്രധാന പ്രതിസന്ധി ഡോക്ടർമാരുടെ കുറവാണെന്നും ആ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യം സർക്കാർ ആലോചിക്കുകയാണ്. സർക്കാർ സർവീസിൽ 50,000 രൂപ ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ ഡോക്ടർമാർക്ക് ലഭിക്കുന്നുണ്ട്. പിന്നെങ്ങനെയാണ് അവർ സർക്കാർ ആശുപത്രികളിലേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏത് സർക്കാർ അധികാരത്തിൽ വന്നാലും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി ബഹളം വെക്കുന്ന ചിലരുണ്ട്. ആരോഗ്യമേഖല തകർന്നു കിടക്കുന്നുവെന്നും മരുന്നുകൾ ലഭ്യമല്ലെന്നും ഇത്തരക്കാർ പ്രചരിപ്പിക്കുന്നു. കൂടാതെ എല്ലാത്തിനെയും ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ഡോക്ടർമാരുടെ മനോവീര്യം തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കാസർഗോഡ്, വയനാട്, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലെ ഡോക്ടർമാരുടെ ശമ്പളത്തിൽ 30 ശതമാനം വർധനവ് വരുത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മലയോര മേഖലകളിലേക്കും സംസ്ഥാനത്തിന്റെ വടക്കേയറ്റത്തേക്കും പോകാൻ ഡോക്ടർമാർ മടിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി. ശമ്പള വർധനവ് ലഭിക്കുന്നവർക്ക് രണ്ട് വർഷത്തേക്ക് ട്രാൻസ്ഫർ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours