യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പത്തിന്

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ രാഷ്ട്രീയ കേരളം ഈ ജനവിധിയെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 58.82 ശതമാനമാണ് അന്തിമ പോളിങ്.

രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിങ്ങനെ ആകെ 38 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 385 പോളിങ് സ്റ്റേഷനുകളിലായി നടന്ന വോട്ടെടുപ്പിൽ 3,09,713 വോട്ടർമാരിൽ 1.82 ലക്ഷത്തോളം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

സംസ്ഥാനത്തെ ഭരണമാറ്റത്തെ സ്വാധീനിക്കില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ജനങ്ങളുടെ രാഷ്ട്രീയ മനോഭാവം അറിയാനുള്ള പ്രാദേശിക സൂചനകളായാണ് മുന്നണികൾ ഈ ഫലത്തെ കാണുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമസഭയിലേക്ക് പോയതുൾപ്പെടെയുള്ള കാരണങ്ങളാലാണ് പലയിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ, കോട്ടയം തൃക്കൊടിത്താനം, പാലക്കാട് പല്ലശ്ശന എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും, കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ എന്നീ വാർഡുകളുമാണ് പ്രത്യേക ശ്രദ്ധാകേന്ദ്രങ്ങൾ.

ഇതിന് പുറമെ, തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡും നിർണായകമാണ്. 22 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നീ മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള സാഹചര്യത്തിൽ, മുണ്ടയ്ക്കൽ വാർഡിലെ തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്തിലെ നിലവിലെ ഭരണസമവാക്യത്തെ നേരിട്ട് സ്വാധീനിക്കും.

+ There are no comments

Add yours