ഇരുട്ടടിയായി വീണ്ടും പലിശ നിരക്കുയര്‍ത്താൻ ആര്‍ബിഐ; ഇഎംഐ ഭാരം കൂടും, വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ആർബിഐ വീണ്ടും പലിശ നിരക്കുകള്‍ ഉയർത്തിയേക്കുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒക്ടോബറിലും ഡിസംബറിലുമായി റിപ്പോ നിരക്കില്‍ 0.50 ശതമാനത്തിൻ്റെ അഥവാ 50 ബേസിസ് പോയിൻ്റിൻ്റെ വർധനവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഈ നീക്കം രാജ്യത്തെ സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും. റിപ്പോ നിരക്ക് വർധിക്കുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) ഉയരും. ഇത് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുടുംബ ബജറ്റ് താളം തെറ്റിക്കും.
വിലക്കയറ്റവും തൊഴിലില്ലായ്മയും
വിലക്കയറ്റമാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ഉള്ളി, പാചക എണ്ണ, പാചക വാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് നിലവില്‍ സാധാരണക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
പലിശ നിരക്ക് ഉയരുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നതിനാല്‍ വിലക്കയറ്റം വർധിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.ആഗോള പ്രതിസന്ധിയും പണപ്പെരുപ്പവും
അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക അസ്ഥിരതയും ആഗോള പ്രതിസന്ധിയും വികസ്വര രാജ്യമെന്ന നിലയില്‍ ഇന്ത്യയിലും പ്രതിഫലിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘർഷങ്ങള്‍ കാരണം ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളർ കടന്നിരിക്കുകയാണ്.
വരും ദിവസങ്ങളില്‍ ഇത് 123 ഡോളർ വരെ എത്തിയേക്കാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു. ക്രൂഡ് ഓയില്‍ വില ഉയർന്ന നിലയില്‍ തുടർന്നാല്‍ ഒക്ടോബർ, നവംബർ മാസങ്ങളില്‍ ഇന്ത്യയിലെ പണപ്പെരുപ്പം 6.5 ശതമാനമോ അതിനുമുകളിലോ ആകാൻ സാധ്യതയുണ്ട്.
കേന്ദ്ര സർക്കാരിന് വിമർശനം
ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളാണെന്ന് ന്യായീകരിച്ച് തടിയൂരാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ലെന്ന രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. ആഭ്യന്തര ഉല്‍പാദനത്തിലെ ഗണ്യമായ കുറവും, കാർഷിക-വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധികളും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.കാലങ്ങളായി തുടരുന്ന ജനദ്രോഹപരമായ സാമ്പത്തിക നയങ്ങളുടെ ഫലമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും, കേന്ദ്ര സർക്കാരിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങളുടെ ഭാരം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും വിമർശനമുണ്ട്. സാമ്പത്തികമായി രാജ്യം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് അംഗീകരിച്ച് സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാവുന്ന നയങ്ങളില്‍ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നാണ് പ്രധാന ആവശ്യം.






+ There are no comments
Add yours