യുവതിയെയും ബന്ധുവിനെയും മുൻ സഹപാഠി വെട്ടിക്കൊന്നു…

Estimated read time 1 min read

യുവതിയെയും ബന്ധുവിനെയും മുൻ സഹപാഠി വെട്ടിക്കൊന്നു

തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയില്‍ മുൻ സഹപാഠിയെയും ബന്ധുവായ യുവാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.തൊഴിലാളിയായ സഞ്ജയ് ഗാന്ധിയെയാണ് പൊലീസ് പിടികൂടിയത്. മാലിനി, ബന്ധുവായ രഞ്ജിത് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൗസിങ് പ്ലോട്ട് സൈറ്റില്‍ കാറില്‍ വന്നിറങ്ങിയ ഇരുവരെയും ഉടൻതന്നെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പ്രണയവും സംശയവും കൊലപാതകത്തിലേക്ക്

തിരുവണ്ണാമലൈ ജില്ലയിലെ ഒരേ സ്‌കൂളില്‍ പഠിച്ചവരാണ് സഞ്ജയ് ഗാന്ധിയും മാലിനിയും. കഴിഞ്ഞ വർഷം നടന്ന പൂർവവിദ്യാർഥി സംഗമത്തില്‍ വെച്ച്‌ കണ്ടുമുട്ടിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലായെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാല്‍, അടുത്ത ദിവസങ്ങളിലായി മാലിനി തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി സഞ്ജയ് ഗാന്ധിക്ക് തോന്നിയിരുന്നു. മാലിനി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയത്തെത്തുടർന്നുണ്ടായ അസൂയയാണ് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.പ്രണയത്തിലെ അസൂയയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്്്”- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. സംഭവത്തിന്റെ കൃത്യമായ ക്രമവും കൊലപാതകത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ക്രമസമാധാന നിലയില്‍ രാഷ്ട്രീയ പോര്

ഇരട്ടക്കൊലപാതകം തമിഴ്നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലി വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനും വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വിജയ് ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

തിരുപ്പത്തൂരിലെ ഇരട്ടക്കൊലപാതകവും തലേന്ന് രാത്രി പല്ലാവരത്ത് മറ്റൊരു യുവാവ് കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാട്ടി എക്‌സിലൂടെയായിരുന്നു ഉദയനിധിയുടെ വിമർശനം. അധികാരത്തിലെത്തിയത് മുതല്‍ ടിവികെ സർക്കാർ ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും, മറ്റുള്ളവരെ പഴിചാരാനും സോഷ്യല്‍ മീഡിയ റീലുകളിലൂടെ പ്രതിച്ഛായ നിർമിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതായും അക്രമസംഭവങ്ങള്‍ വർധിച്ചതായും ആരോപിച്ച്‌ പ്രതിപക്ഷ പാർട്ടികള്‍ വിജയ് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് 13 കൊലപാതകങ്ങള്‍ റിപ്പോർട്ട് ചെയ്തപ്പോഴും പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു.

അതേസമയം, കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ നിരത്തി ക്രമസമാധാന നില തകർന്നെന്ന ആരോപണങ്ങള്‍ തമിഴ്നാട് ഡിജിപി തള്ളിയിരുന്നു. മുൻ ഡിഎംകെ സർക്കാർ ലഹരിമരുന്ന് ഉപയോഗം ഫലപ്രദമായി തടയുന്നതില്‍ പരാജയപ്പെട്ടതാണ് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഭരണകക്ഷിയായ ടിവികെയുടെ വാദം.

+ There are no comments

Add yours