നാഗ്പൂർ: ബംഗ്ലാദേശിലെയും ഫ്രാൻസിലെയും പ്രക്ഷോഭങ്ങളെ മുൻനിർത്തി ഇന്ത്യയിൽ നടക്കുന്ന സമാനമായ പ്രതിഷേധങ്ങളെ തള്ളി ആർ.എസ്.എസ് (RSS) മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാനും ഭരണമാറ്റം വരുത്താനും വിദേശ ശക്തികളും ചില താത്പര്യക്കാരും ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ നടന്ന വിജയദശമി പരിപാടിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഭരണമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ രാജ്യത്തെ പ്രശ്നപരിഹാരങ്ങൾക്ക് ഉതകില്ല. ഇന്ത്യയിൽ ഒരു ഭരണ അട്ടിമറി തികച്ചും അസംഭവ്യമാണ്. ഇത്തരം പ്രതിഷേധങ്ങൾ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉപാധി മാത്രമായി മാറുമെന്നും, ഇത് സമൂഹത്തിൽ ഭിന്നതകൾ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭരണം മാറിയതുകൊണ്ട് മാത്രം നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇന്ത്യ ആഗോളതലത്തിൽ ശക്തിപ്പെടുന്നത് ചില വിദേശ ശക്തികൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒ.ടി.ടി (OTT) പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തുവരുന്ന ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മോഹൻ ഭാഗവത് ആവശ്യപ്പെട്ടു. ഇതിനുപുറമെ, ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യൻ വൈമാനികൻ സ്മിത്ത് മച്ഛാറിനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രത്യേകം പ്രകീർത്തിച്ചു. ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കുമ്പോൾ അതിന്റെ മുഴുവൻ വരികളും പാടേണ്ടത് അനിവാര്യമാണെന്നും ആർ.എസ്.എസ് മേധാവി ഓർമ്മിപ്പിച്ചു.





+ There are no comments
Add yours