ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. ഇയർഫോൺ ഉപയോഗിക്കാതെ സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ഇനി മുതൽ കർശന നടപടി നേരിടേണ്ടിവരും. സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.
ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) (a) അനുസരിച്ചാണ് നടപടി സ്വീകരിക്കുക. നിയമം ലംഘിച്ച് ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്താൽ 1000 രൂപ പിഴ ഈടാക്കുകയും കുറ്റക്കാരെ റെയിൽവേ വളപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യും. റെയിൽവേ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത് ആവർത്തിച്ചാൽ ആറ് മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി കോടതിക്ക് കൈമാറുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എല്ലാവർക്കും സുഖകരമായ യാത്ര ഉറപ്പാക്കാൻ മൊബൈൽ ഫോണുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിച്ചു.




+ There are no comments
Add yours