ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളുടെ കൂടി ആരോഗ്യസ്ഥിതി പരിശോധിക്കുന്നു. കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. കുട്ടിയുടെ സഹോദരങ്ങളായ മറ്റ് നാല് പെൺകുട്ടികളെയാണ് ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുക. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
പോഷകാഹാരക്കുറവും തൂക്കക്കുറവുമാണ് രാഹുലിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടുവയസ്സുള്ള കുട്ടിക്ക് ശരാശരി 12 കിലോഗ്രാം ഭാരം വേണ്ടിടത്ത് രാഹുലിന് വെറും 7 കിലോഗ്രാം മാത്രമായിരുന്നു ഭാരമുണ്ടായിരുന്നത്. ശരീരത്തിൽ കടുത്ത രക്തക്കുറവും വിളർച്ചയും ഉണ്ടായിരുന്നു. കൃത്യമായ ആഹാരവും പരിചരണവും ലഭിക്കാത്തതാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാക്കിയതും മരണത്തിലേക്ക് നയിച്ചതും. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിലും പിന്നീട് മരിച്ച നിലയിലും കണ്ടെത്തിയത്.
കുട്ടി മരിക്കുന്ന സമയത്ത് മാതാവ് താര ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകാനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. തലേദിവസം വൈകുന്നേരത്തോടെ പ്രസവവേദന അനുഭവപ്പെട്ട ഇവരെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. രാജേഷ്-താര ദമ്പതികൾക്ക് പത്തും ഏഴും അഞ്ചും മൂന്നും വയസ്സുള്ള മറ്റ് മക്കളാണുള്ളത്. ഇതിൽ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ മരണപ്പെടുന്നത്. പതിതമായ ഈ സാഹചര്യം കണക്കിലെടുത്താണ് മറ്റ് കുട്ടികളുടെയും ആരോഗ്യം അടിയന്തരമായി പരിശോധിക്കുന്നത്.




+ There are no comments
Add yours