കൊച്ചി: സിനഗോഗിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി എബിൻ പോളിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. എബിനെ നിയന്ത്രിക്കുന്ന ‘ബോസ്’ എന്ന് വിളിക്കപ്പെടുന്നയാളെ കണ്ടെത്താനാണ് അന്വേഷണസംഘം ഇപ്പോൾ പ്രധാനമായും ശ്രമിക്കുന്നത്. ഇയാളുമായുള്ള എബിന്റെ ആശയവിനിമയത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ടെലഗ്രാമിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 18-ന് മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിന് എബിൻ തീയിട്ടിരുന്നു. ഈ സംഭവം സിനഗോഗ് ആക്രമണത്തിന് മുന്നോടിയായുള്ള ഒരു പരിശീലനമായിരുന്നുവെന്നാണ് പോലീസ് നിഗമനം. കാർ ഷോറൂമിന് തീയിട്ട കാര്യം ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി എബിൻ തന്റെ ‘ബോസിന്’ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന നിലവിൽ പുരോഗമിക്കുകയാണ്. ബോസുമായുള്ള ടെലഗ്രാം ചാറ്റുകൾ പോലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷമേ കേസിൽ പുതിയ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ഡി.സി.പി അരുൺ കെ. പവിത്രൻ വ്യക്തമാക്കി. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് കേന്ദ്ര അന്വേഷണ ഏജൻസികളും കേസിൽ സമാന്തരമായി പരിശോധന നടത്തുന്നുണ്ട്.





+ There are no comments
Add yours