സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

Estimated read time 0 min read

തിരുവനന്തപുരം: തുലാവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പുലർച്ചെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങുന്നതോടെ, വടക്കുകിഴക്കൻ മൺസൂൺ കാറ്റിലൂടെ ഒക്ടോബർ പകുതിയോടെ കേരളത്തിൽ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവർഷം അഥവാ തുലാമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും കാറ്റുമാണ് ഇതിന് പ്രധാന കാരണമാകുന്നത്. അതിശക്തമായ കാറ്റും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ ഏറ്റവും വലിയ സവിശേഷത.

+ There are no comments

Add yours