അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Estimated read time 1 min read

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസം. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധിയെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 18 മുതൽ അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്. 2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴ് വരെയുള്ള കാലയളവിൽ 135 ശതമാനം അധിക വരുമാനം (64,70,891 രൂപ) ഉണ്ടാക്കിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവെച്ചിരുന്നു. 2013-ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് കോട്ടയം വിജിലൻസ് കോടതി അടുത്തിടെ ശിക്ഷ വിധിച്ചത്.

+ There are no comments

Add yours