തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അവകാശമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് കേരളം പിന്മാറുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിഷയം പഠിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സർക്കാരിന്റെ തുടർനടപടിയെന്നും മന്ത്രി സഭയെ അറിയിച്ചു.

കഴിഞ്ഞ സർക്കാരാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചത്. കരാർ പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് കഴിഞ്ഞ സർക്കാരിനും അറിയാവുന്ന കാര്യമാണ്. മുൻ സർക്കാർ വരുത്തിവെച്ച ഈ പ്രതിസന്ധിയാണ് നിലവിലെ സർക്കാർ നേരിടുന്നത്. മുൻ സർക്കാരിന്റെ കാലത്തെ ഉപസമിതി ഏഴുമാസത്തോളം ഒരു യോഗം പോലും ചേർന്നിരുന്നില്ല എന്നാൽ നിലവിലെ ഉപസമിതി ഇതിനകം രണ്ട് തവണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

പദ്ധതി നടപ്പിലാക്കാത്തതിനെ തുടർന്ന് സമഗ്ര ശിക്ഷാ അഭിയാൻ (SSA) വഴിയുള്ള 1607 കോടി രൂപയുടെ കേന്ദ്രവിഹിതം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 2022-27 കാലയളവിലേക്കുള്ള ഈ പദ്ധതി 2027 മാർച്ചിന് ശേഷം തുടരുമോ എന്ന കാര്യം കേന്ദ്രം ഇതുവരെ രേഖാമൂലം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, തടഞ്ഞുവെച്ച കേന്ദ്രവിഹിതം നേടിയെടുക്കാൻ കേന്ദ്രത്തിനെതിരെ നിയമനടപടിയും കേസും സ്വീകരിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്ന് സി.പി.ഐ.എം. നേതാവ് കെ.എൻ. ബാലഗോപാൽ എം.എൽ.എ. വെല്ലുവിളിച്ചു. എന്നാൽ പ്രതിസന്ധി സൃഷ്ടിച്ചവർ ഇപ്പോൾ ഉപദേശം നൽകേണ്ടതില്ലെന്നായിരുന്നു മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. മുൻപ് പദ്ധതിയെ എതിർത്ത യു.ഡി.എഫ്. നേതാക്കളും സഭയിലുണ്ടെന്ന് കെ.എൻ. ബാലഗോപാൽ ഓർമ്മിപ്പിച്ചു.



+ There are no comments
Add yours