തിരുവനന്തപുരം: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ചോദ്യം ചെയ്തേക്കും. ഇതിന് മുന്നോടിയായി ഇരുവരുടെയും സ്വത്ത് വിവരങ്ങളിൽ വിശദമായ പരിശോധന നടത്താൻ ഇ.ഡി തയാറെടുക്കുകയാണ്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) ഇ.ഡി കേസെടുത്തിരുന്നു.
മകൾ ടി. വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രി പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടുകളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളുടെ (ECIR) എണ്ണം മൂന്നായി.
അതേസമയം, കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ സമർപ്പിച്ച അപ്പീൽ നിലനിൽക്കുമോ എന്നതിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി. വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ നൽകാൻ അനുമതി തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.




+ There are no comments
Add yours