കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനെയാണ് നാടിന് നഷ്ടമായത്; ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Estimated read time 1 min read

പത്മശ്രീ പുരസ്കാര ജേതാവും പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. അന്യംനിന്നുപോകുമായിരുന്ന പൈതൃക വിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി വരും തലമുറയ്ക്കായി കാത്തുവെച്ച അദ്ദേഹം യഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൃഷി എന്നത് വെറുമൊരു ഉപജീവനമാർഗ്ഗമല്ലെന്നും അത് മണ്ണിനോടും പ്രകൃതിയോടുമുള്ള മനുഷ്യന്റെ ഉത്തരവാദിത്തമാണെന്നും തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്ത വ്യക്തിയാണ് ചെറുവയൽ രാമൻ. യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകളിലെ പ്രതീക്ഷ മണ്ണിൽ നിലനിർത്തുക എന്നതാണ് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മാനന്തവാടി കമ്മന സ്വദേശിയായ ചെറുവയൽ രാമൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കേരളത്തിലെ നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

+ There are no comments

Add yours