‘കേരളത്തിന്റെ നെല്ലച്ഛന്’ വിട: പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു

Estimated read time 1 min read

വയനാട്: പരമ്പരാഗത നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഹൃദയത്തിന് താഴെയുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം. ‘കേരളത്തിന്റെ നെല്ലച്ഛൻ’ എന്നറിയപ്പെടുന്ന അദ്ദേഹം വയനാട്ടിലെ പാരമ്പര്യ കർഷകരിൽ പ്രമുഖനാണ്.

കുറിച്യ സമുദായത്തിൽപ്പെട്ട ചെറുവയൽ രാമൻ വരുംതലമുറയ്ക്കായി 32-ഓളം അപൂർവ്വ പൈതൃക നെൽവിത്തിനങ്ങളാണ് സ്വന്തം കൃഷിയിടത്തിൽ സംരക്ഷിച്ചുപോന്നത്. നെല്ലിനങ്ങൾക്ക് പുറമെ പരമ്പരാഗത പച്ചക്കറികളും അപൂർവ്വ ഔഷധസസ്യങ്ങളും വിവിധ വൃക്ഷങ്ങളും അദ്ദേഹത്തിന്റെ തോട്ടത്തിലുണ്ടായിരുന്നു. കൃഷിരീതികളെയും വിത്തുശേഖരത്തെയും കുറിച്ച് പഠിക്കാൻ നിരവധി വിദ്യാർത്ഥികളും ഗവേഷകരുമാണ് ദിവസേന അദ്ദേഹത്തിന്റെ പുരയിടത്തിൽ എത്തിയിരുന്നത്.

രാജ്യത്തെ പരമ്പരാഗത കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2023-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2011-ൽ ഹൈദരാബാദിൽ വെച്ച് നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതും ചെറുവയൽ രാമനായിരുന്നു.

+ There are no comments

Add yours