റോം: ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. റോമിലെ അഗോസ്റ്റിനോ ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ശസ്ത്രക്രിയ വിജയകരമാണെന്ന് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുനിന്നുള്ള ചെറിയൊരു കോശഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

പരിശോധനകളിൽ നോൺ-സ്മോൾ സെൽ ലങ് ക്യാൻസർ വിഭാഗത്തിൽപ്പെടുന്ന ‘ലങ് അഡിനോകാർസിനോമ’യാണ് മാർപ്പാപ്പയ്ക്ക് സ്ഥിരീകരിച്ചത്. മൂന്ന് മണിക്കൂറോളം ഓപ്പറേഷൻ തിയേറ്ററിൽ ചിലവഴിച്ച അദ്ദേഹത്തിന്റെ പ്രധാന ശസ്ത്രക്രിയ 90 മിനിറ്റ് നീണ്ടുനിന്നു. നിലവിൽ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രൊഫസർ മാർഗരിറ്റോറയുടെ നേതൃത്വത്തിൽ പ്രൊഫസർ എലിസ മെച്ചി, ഡോ. മരിയ തെരേസ കോംഗെഡോ, ഡോ. ലിയോനാർഡോ പെട്രാക്ക സിയാവരല്ല എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നീക്കം ചെയ്ത ഭാഗങ്ങൾ വിശദമായ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപ്പാപ്പ തന്റെ സെക്രട്ടറിമാരുമായും മറ്റ് വത്തിക്കാൻ ജീവനക്കാരുമായും സംസാരിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി വ്യക്തമാക്കി. കത്തോലിക്കാ വിശ്വാസികളുടെ പ്രാർത്ഥനകൾക്കൊടുവിലാണ് വത്തിക്കാൻ ഈ ആശ്വാസവാർത്ത പുറത്തുവിട്ടത്.




+ There are no comments
Add yours