തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സുരക്ഷയും പരിചരണവും ഉറപ്പുവരുത്തുന്നതിനുള്ള വയോജന ക്ഷേമ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. വയോജനങ്ങളെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ബില്ലിന്റെ പ്രധാന സവിശേഷത.

മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, അവരോട് ക്രൂരത കാണിക്കുക, ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്ന കുടുംബാംഗങ്ങൾക്കും പരിചാരകർക്കും മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വയോജനങ്ങൾ സ്വന്തം വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. സ്ഥാപനങ്ങളിലേക്കും (വൃദ്ധസദനങ്ങൾ) മറ്റും മാറ്റുന്നത് അവസാന ആശ്രയമായി മാത്രമേ പരിഗണിക്കൂ.
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രത്യേക മേൽനോട്ട സംവിധാനങ്ങൾ ബില്ല് വിഭാവനം ചെയ്യുന്നുണ്ട്. വയോജന ക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് രൂപീകരിക്കും. കൂടാതെ, എല്ലാ ജില്ലകളിലും സംരക്ഷണ ഫോറങ്ങളും യൂണിറ്റുകളും നിലവിൽ വരും.
ജീവിതാവസാന കാലത്തെ ചികിത്സാ മുൻഗണനകൾ വ്യക്തികൾക്ക് മുൻകൂട്ടി എഴുതിവെയ്ക്കാൻ നിയമപരമായ അവകാശം നൽകുന്ന ‘ലിവിംഗ് വിൽ’ (Living Will) എന്ന സുപ്രധാന വ്യവസ്ഥയും ബില്ലിലുണ്ട്. വയോജനങ്ങളുടെ പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്താനും, ഇവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപീകരിക്കാനും ബില്ലിൽ നിർദ്ദേശമുണ്ട്.




+ There are no comments
Add yours