ഗ്യാനേഷിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കും; ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും’: രാഹുൽ ഗാന്ധി

Estimated read time 1 min read

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രക്ഷോഭകർക്കും നേതാക്കൾക്കും നേരെ പോലീസും കേന്ദ്ര സർക്കാരും നടത്തുന്ന അടിച്ചമർത്തലുകളിൽ അതിരൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് ഡൽഹി നഗരത്തെ ഒന്നാകെ ജയിലിലടച്ച് കേന്ദ്രം കോട്ടയാക്കി മാറ്റിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വാർത്താ സമ്മേളനത്തിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ അഴിമതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും തെളിവുകളും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ വെറുതെ വിടില്ലെന്നും കാലം കണക്ക് ചോദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അഞ്ച് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ഭരണഘടനാ സംരക്ഷണത്തിനായുള്ള ഈ പോരാട്ടം തുടരും. ഇ.ഡി, സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ കേന്ദ്ര ഏജൻസികളിൽ നിന്ന് തങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും നരേന്ദ്ര മോദിയുടെ ബ്ലൂ പ്രിന്റ് തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അടിച്ചമർത്തലുകൾക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കുകയാണെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. ഉച്ചയ്ക്ക് 1.30-ന് ഡൽഹി കാനോട്ട് പ്ലേസിലെ ഭാരഖംബ ജംഗ്ഷനിൽ നിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നും വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗികമായി ഹർജി ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ ഭാരതത്തിലെ മുഴുവൻ പൗരന്മാരും ഒപ്പം നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

+ There are no comments

Add yours